ചരിത്രം

പഴയ ദേശിംഗനാടായ കൊല്ലത്തിന്റെ വടക്ക് കിഴക്കൻ മലയോരപ്രദേശങ്ങളിലേക്കുള്ള ദൂരത്തിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന പുരാണചരിത്രപ്രസിദ്ധമായ നാടാണ് കൊട്ടാരക്കര , കേരളത്തിന്റെ നാല് അതിർത്തികളിലേക്കുള്ള റോഡുകളുടെ സംഗമ സ്ഥാനമായ കൊട്ടാരക്കരയിൽ കൂടി മെയിൻ സെൻട്രൽ റോഡും ദേശീയപാതയും കടന്നുപോകുന്നു . കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാംസ്കാരിക ചരിത്രം എഴുതുന്ന ഒരു ചരിത്രകാരനും അവഗണിക്കാൻ കഴിയാത്ത സ്ഥാനമാണ് കൊട്ടാരക്കരയ്ക്കുള്ളത് . അനവധി ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചരിത്രസൃഷ്ടികൾക്ക് തന്നെ കാരണഭൂതരുമായിട്ടുള്ള ഒട്ടനവധി മഹത്തുക്കൾക്ക് ജന്മം നൽകുകയും ചെയ്തിട്ടുള്ള പുരാണ പ്രസിദ്ധമായിട്ടുള്ള നാടാണിത് .

കൊട്ടാരക്കര എന്ന സ്ഥലനാമത്തിന് വിവിധ അഭിപ്രായങ്ങൾ ഉണ്ട് 

1. ക്ഷേത്രങ്ങളുടെ കാര്യാലോചനാ കേന്ദ്രം , ആഫീസ് എന്നീ അർദ്ധഭേദങ്ങൾ കൊട്ടാരക്കര എന്ന വാക്കിനുണ്ട് . ഇളയിടത്ത് സ്വരൂപത്തിന്റെ ഭരണകാലത്ത് സ്വരൂപത്തിന്റെ അധികാരാതിർത്തിയിൽ ഉൾപ്പെട്ടിരുന്ന ക്ഷേത്രങ്ങളുടെ എല്ലാം കാര്യനിർവ്വഹണ കേന്ദ്രമായി പ്രവർത്തിച്ചിരുന്നത് ഇവിടെ ആയതിനാൽ കൊട്ടാരക്കര എന്ന പേരുണ്ടായി . 

2. രൂപത്തിലും ഭാവത്തിലും വ്യത്യസ്ഥത പുലർത്തിയിരുന്ന അനേകം കൊട്ടാരങ്ങൾ ഈ പ്രദേശത്ത് ഉണ്ടായിരുന്നതിനാൽ കൊട്ടാരങ്ങളുടെ കരയെ കൊട്ടാരക്കര എന്നുവിളിച്ചു

3.നൂറ്റാണ്ടുകൾ പഴക്കമുള്ള കൊട്ടാരങ്ങളുടെ കിഴക്കും പടിഞ്ഞാറും ഉള്ള ഭാഗങ്ങൾ കിഴക്കേക്കര , പടിഞ്ഞാറ്റിൻകര എന്നീ പേരുകളിലാണ് ഇന്നും അറിയപ്പെടുന്നത് രാജ്യകാര്യങ്ങളിലും , ക്ഷേത്രകാര്യങ്ങളിലും നിർണ്ണായക സ്വാധീനശക്തി ഉള്ളവരായിരുന്നു ; ഇരുകരക്കാരും രാജാവും കരക്കാരും കൂടി ഇരുന്ന് പര്യാലോചനകൾ നടത്തിയിരുന്നത് ഈ രണ്ട് കരകളുടെയും പ്രാതിനിധ്യവും പ്രാധാന്യവും ഒന്നുപോലെ ഉദ്ഘോഷിക്കുന്നതിന് ഈ പ്രദേശത്തിന് കൊട്ടാരക്കര എന്ന നാമകരണം ചെയ്തു.

4. ഇളയിടത്ത് സ്വരൂപത്തിലെ ഏറ്റവും പ്രധാനകാർഷികവിള നെല്ലും അത് ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിച്ചിരുന്നത് കൊട്ടാരക്കരയിലുമായിരുന്നു . ചില പ്രാചീനകൃതികളിൽ കൊട്ടകാരക്കര എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് . കൊട്ടകാരം എന്ന വാക്കിനു നെല്ലറ എന്നർത്ഥം വരുന്ന കൊട്ടകാരക്കര ഉച്ചാരണ സൗകര്യാർത്ഥം കൊട്ടാരക്കരയായി പരിണമിച്ചു . 

വേണാട് രാജവംശത്തിനു ആദ്യമുണ്ടായ ശാഖയാണ് ഇളയിടത്ത് സ്വരൂപം . കൊട്ടാരക്കര ശാഖ , കുന്നുമേൽശാഖ എന്നീ പേരുകളിലും ഇളയിടത്ത് സ്വരൂപം അറിയപ്പെട്ടിരുന്നു . വേണാടിന്റെ ഏകദേശം പകുതിയോളം വലുപ്പം ഉണ്ടായിരുന്നു . തിരുവനന്തപുരത്തിനു വടക്ക് തീരപ്രദേശങ്ങൾ ഒഴികൊള്ള സ്ഥലങ്ങൾ ഇളയിടത്ത് സ്വരൂപത്തിൽ ഉൾപ്പെട്ടിരുന്നു . ഇതിൽ ഒരുശാഖ പിന്നീട് നെടുമങ്ങാട്ടേക്ക് താമസം മാറ്റി . ഈശാഖയെ പേരകത്താവഴി എന്നുപറയുന്നു . ഇവർ യാദവരായിരുന്നു . എ.ഡി. 1734 ൽ മാർത്താണ്ഡവർമ്മ കൊട്ടാരക്കര പിടിച്ചെടുക്കുകയും രാജാവായിരുന്ന വീരകേരളവർമ്മയെ തടവുകാരനാക്കി തിരുവനന്തപുരത്ത് ജയിലിൽ അടക്കുകയും ചെയ്തു . 1736 ൽ വീരകേരളവർമ്മ ജയിലിൽ കിടന്നു തന്നെ അന്തരിച്ചു . രാജകുമാരി ആയിരുന്ന ഉമ സിംഹാസനാരൂഢയായി ഇളയിടത്ത് സ്വരൂപം ആക്രമിച്ചുകൂടെന്നു ഡച്ചുകാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മാർത്താണ്ഡവർമ്മ കൂട്ടാക്കിയില്ല . കൊട്ടാരക്കര യുദ്ധത്തിൽ ഈയിടത്ത് റാണിയുടെ സൈന്യം തോറ്റു എന്നാൽ ഡച്ച് ഗവർണർ 1741 ൽ റാണിയെ വീണ്ടും അധികാരത്തിൽ അവരോധിച്ചു . പ്രത്യുപകാരമായ വെച്ചൂർ , ഐരൂർ , പ്രദേശങ്ങൾ റാന്നി ഡച്ചുകാർക്ക് നൽകി വിധയത്വം പ്രകടിപ്പിച്ചു പ്രകോപിതനായ മാർത്താണ്ഡവർമ്മ വീണ്ടും സ്വരൂപം ആക്രമിക്കുകയും ഡച്ച് -സ്വരൂപം സംയുക്ത സൈന്യത്തെ കൊട്ടാരക്കര യുദ്ധത്തിൽ പരാജയപ്പെടുത്തുകയും ചെയ്തു , സ്വരൂപം തിരുവിതാംകൂറിനോട് കൂട്ടിചേർത്തു . റാണി കൊച്ചിയിലെ ഡച്ചുകോട്ടയിൽ അഭയംതേടി ഡച്ചുകാർ റാണിക്ക് ദിനാപതി 2 രൂപ 5 അണ വിതം അടുത്തുൺ നൽകി. റാണി ഡച്ച് കോട്ടയിൽ ആത്മഹത്യ ചെയ്തതായി പറയപ്പെടുന്നു.